പണ്ടൊക്കെ തിരുവോണം നാളിൽ മാത്രം നാട്ടിൽ എത്തിയിരുന്ന മഹാബലി ചക്രവർത്തി ഇന്നിപ്പോൾ അത്തം നാൾ പിറക്കുന്നതിന് മുമ്പ് തന്നെ മലയാളികൾ കുടിയേറി പാർക്കുന്ന പല ദേശങ്ങളിൽ ആയി എത്തി തുടങ്ങി. ഒരു അവധിക്കാലം ആഘോഷിക്കുവാൻ വിമാനം കയറുന്ന മലയാളികളുടെ രാജാവാകുമ്പോൾ നമ്മുടെ മാവേലി മാത്രം എന്തിനു പാതാളത്തിൽ ഇങ്ങനെ ഇരിക്കണം. മഹാബലിയെക്കുറിച്ചു പറയുമ്പോൾ, ആണ്ടിലൊരിക്കൽ പ്രജകളെ കാണുവാൻ എത്തുന്ന രാജാവായി തന്നെ ആണ് എന്നും കഥകളിലൂടെയും മറ്റും നമ്മൾ കേട്ടിട്ടുള്ളത്. ഒരു കണക്കിനു നോക്കിയാൽ ഏതൊരു പ്രവാസിയും അതുപോലെ തന്നെ ആണല്ലോ. ആണ്ടിൽ ഒരിക്കൽ മാത്രം തന്റെ ഉറ്റവരെയും ഉടയവരെയും കാണുവാൻ എത്തുന്ന ഒരു വ്യക്തിത്വം. രാജകീയമായി, പാണ്ഡങ്ങളും, വീട്ടുകാർക്കും സുഹൃത്തുക്കൾക്കും ഉള്ള സമ്മാനങ്ങളും ആയി, വിരുന്നു വരുന്ന പ്രവാസി എന്ന മഹാബലിയുടെ മടക്കമോ മിക്കവാറും കീശ കീറി കുചേലൻ ആയിട്ടാണ്. ആഘോരാത്രം വീണ്ടും ഒരു വർഷക്കാലം പണിയെടുത്തു അടുത്ത വർഷം വീണ്ടും രാജാവായി തിരിച്ചു വരുന്നതിനു വേണ്ടി മുണ്ടു മുറുക്കിയും പട്ടിണി കിടന്നും യുദ്ധം ചെയ്യുന്ന ഒരു യോദ്ധാവായി പണിയെടുക്കുവാൻ പ്രവാസി വീണ്ടും വിമാനം കയറുന്നു.
മഹാബലിയുടെ വരവ് തന്റെ പ്രജകളെ കാണുവാൻ വേണ്ടിയാണ് എങ്കിൽ ഒരു പ്രവാസി തന്റെ ജീവന് തുല്യം സ്നേഹിക്കുന്ന തങ്ങളുടെ ബന്ധുജനങ്ങളെ കാണുവാനായാണ് നാട്ടിലേക്ക് എത്തുന്നത്. മഹാബലി തന്റെ സൗഭാഗ്യങ്ങൾ എല്ലാം തന്റെ പ്രജകൾക്കായി ത്യജിച്ചുവെങ്കിലും പ്രവാസി അവയൊന്നും അങ്ങനെ വിട്ടു കൊടുക്കുവാൻ പൊതുവേ താല്പര്യപ്പെടാറില്ല. വിദേശ പൗരത്വം സ്വീകരിച്ചു വിദേശ മണ്ണിൽ വാസമുറപ്പിച്ചു എങ്കിലും നാടുമായുള്ള അവന്റെ ബന്ധങ്ങൾ അങ്ങനെ ഇട്ടെറിഞ്ഞു പോകുവാൻ അവനു കഴിയില്ല. നാട്ടിലേക്കുള്ള വരവ് മഹാബലി കണക്കാണെങ്കിലും തന്റെ ജന്മനാട്ടിൽ സ്വന്തമായുള്ള ആറടി മണ്ണിന്റെ അവകാശവും അതിൽ എല്ലു മുറിയെ പണിതും വിയർപ്പൊഴുക്കിയും കെട്ടിപ്പൊക്കിയ തന്റെ വീടിന്റെ അവകാശവും ആർക്കും വിട്ടുകൊടുക്കാത്തത് ഒരു പ്രവാസിക്ക് നാടുമായുള്ള ബന്ധത്തിന്റെ ഉത്തമ ഉദാഹരണമാണ്.
നാട്ടിൽ അവധി ചിലവിടാൻ വരുന്ന പ്രവാസിയോട് നാട്ടിൽ ഒരു കടയിൽ സാധനം മേടിക്കുവാൻ ചെല്ലുമ്പോൾ വില കൂട്ടി പറയുമ്പോൾ ഓർമിക്കേണ്ട ഒരു കാര്യം, അവൻ നിങ്ങളോടു ഒരു നൂറു രൂപയ്ക്കു വേണ്ടി പേശാതെ ഇരിക്കുന്നത് തന്റെ കാശുകൊണ്ട് മറ്റൊരുവൻ തന്റെ സ്വന്തം നാട്ടിൽ രക്ഷപെടുന്നുവെങ്കിൽ രക്ഷപെടട്ടെ എന്ന് വെച്ചിട്ടാണ്. ഒരു പ്രവാസിയെ മഹാബലി കണക്കെ പരിഗണിച്ചില്ലെങ്കിലും ചൂഷണം ചെയ്യാതെ ഇരിക്കുക. വീണ്ടും ഒരു ഓണമുണ്ണാൻ അവൻ വരുന്നത് വരെ അവന്റെ വരവിനായി കാത്തിരിക്കുക. ഓണാശംസകൾ!